FLASH

The MEST Exam Result Publishing on 15th July 2017 - 4:00 PM



Tuesday, June 14, 2016

വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖകള്‍ കൈമാറി ജൗഹറിന്റെ കുടുംബം പെരുവഴിയിലാവില്ല താങ്ങും തണലുമായി എം.എസ്.എഫ്

വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖകള്‍ കൈമാറി
ജൗഹറിന്റെ കുടുംബം പെരുവഴിയിലാവില്ല
താങ്ങും തണലുമായി എം.എസ്.എഫ് 

കാസര്‍കോട്: അകാലത്തില്‍ പൊലിഞ്ഞുപോയ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ കൈവെടിയാതെ എം.എസ്.എഫ് പ്രവര്‍ത്തകര്‍. കാസര്‍കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റിയാണ് സേവനം കൊണ്ട് നന്മയുടെ പുതിയ കഥകളെഴുതിയിരിക്കുന്നത്. പുഴയില്‍ മുങ്ങി മരിച്ച കാഞ്ഞങ്ങാട് മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡണ്ട് ജൗഹര്‍ കല്ലഞ്ചിറയുടെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്നുള്ള വാഗ്ദാനത്തിന്റെ ഒരു ഘട്ടം അവര്‍ പിന്നിട്ടിരിക്കുന്നു. കുടുംബത്തിന് വീട് നിര്‍മ്മിക്കാനുള്ള സ്ഥലം  വാങ്ങി അതിന്റെ രേഖകൈമാറി. 
കല്ലഞ്ചിറയില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് സ്ഥലത്തിന്റെ ആധാരം കൈമാറി.  എം.എസ്.എഫ് ജില്ലാ കമ്മിറ്റി ജൗഹര്‍ കുടുംബ സഹായ നിധിയിലേക്ക് സമാഹരിച്ച ആറരലക്ഷത്തോളം രൂപയില്‍ നിന്ന് നാലരലക്ഷത്തോളം ഉപയോഗിച്ച് വാങ്ങിയ കല്ലന്‍ചിറയിലെ കണ്ണായ സ്ഥലത്തായിരിക്കും വീട് നിര്‍മ്മിക്കുക. 
നിര്‍ധന കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമായിരുന്ന ജൗഹര്‍ കഠിനപ്രയത്‌നത്തിലൂടെ പഠിച്ച് എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കി അതിന്റെ ഫലം വരുന്ന ദിവസമായിരുന്നു കുടുംബൂര്‍ പുഴയില്‍ മുങ്ങി മരിച്ചത്. ജൗഹറിന്റെ മരണത്തോടെ മൂന്ന് സഹോദരങ്ങളും ഉപ്പയും ഉമ്മയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷ തന്നെയായിരുന്നു അസ്തമിച്ചുപോയത്. സംഘടന രംഗത്ത് ആത്മാര്‍ത്ഥതയുടെ പ്രതീകമായിരുന്ന ജൗഹറിന്റെ കുടുംബത്തെ കൈവെടിയില്ലെന്ന് ജൗഹര്‍ മരിച്ച ദിവസം തന്നെ എ.എസ്.എഫ് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ആ വാക്കുപാലിച്ചുകൊണ്ട് ബളാല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ സ്ഥലം വാങ്ങുകയും വീട് നിര്‍മ്മിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്തു. എം.എസ്.എഫിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം പരക്കെ പ്രശംസിക്കപ്പെട്ടു. 
ചടങ്ങില്‍ അഷറഫലി ദാരിമി പ്രാര്‍ത്ഥന നടത്തി. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജോ.സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി എം.എ.നാസര്‍, മുസ്‌ലിം ലീഗ് ബളാല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.സി.എ.ലത്തീഫ്, കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.കെ.കുഞ്ഞുമൊയ്തു, റഊഫ് ബാവിക്കര, എബി കുട്ടിയാനം, കബീര്‍ ചെര്‍ക്കള, ദുല്‍ക്കിഫ്‌ലി, ഹനീഫ് കല്ലഞ്ചിറ, ആരിഫ് എടത്തോട്, സി.എം.ഇബ്രാഹിം, കെ.പി.മുഹമ്മദ്, ജാതിയില്‍ അസൈനാര്‍, മുസ്തഫ തായന്നൂര്‍, ഇഖ്ബാല്‍ കല്ലഞ്ചിറ, ഇര്‍ഷാദ് മൊഗ്രാല്‍, റഹ്മാന്‍ ഗോള്‍ഡന്‍,  സി.ഐ.എ.ഹമീദ്, ഇര്‍ശാദ് പടന്ന,  ഇബ്രാഹിം പള്ളങ്കോട്, ജാഫര്‍ കല്ലഞ്ചിറ, സ്വദിഖുല്‍ അമീന്‍,ജാബിര്‍ തങ്കയം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍,  റമീസ് ആറങ്ങാടി, റംഷീദ് നമ്പ്യാര്‍ക്കൊച്ചി, സജീര്‍ കല്ലഞ്ചിറ, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സിദ്ദീഖ് മഞ്ചേശ്വരം, നൗഷാദ് ചന്തേര, ഇഖ്ബാല്‍ വെള്ളിക്കോത്ത് സംബന്ധിച്ചു. 

ഫോട്ടോ അടിക്കുറിപ്പ്:  മുങ്ങി മരിച്ച എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് ജൗഹര്‍ കല്ലഞ്ചിറയുടെ കുടുംബത്തിന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ സ്ഥലത്തിന്റെ രേഖ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.സി.എ ലത്തീഫിന് കൈമാറുന്നു. 

No comments:

Post a Comment